Search Here

മലയാളം : സന്ധികള്‍


'സന്ധി' എന്ന പദത്തിനു് സാമാന്യമായ അര്‍ത്ഥം 'ചേര്‍ച്ച' എന്നാണല്ലോ. രസതന്ത്രപ്രപദാര്‍ത്ഥങ്ങളില്‍ ചിലതു് തമ്മില്‍ ചേരുമ്പോള്‍ അവയുടെ വര്‍ണ്ണം മുതലായ ഗുണങ്ങള്‍ മാറിപ്പോകുന്നു. മറ്റുചിലതു് തമ്മില്‍ ചേരുമ്പോള്‍ ഗുണങ്ങള്‍ മാത്രമല്ല, പദാര്‍ത്ഥംതന്നെയും മാറുന്നു.

വേറെ ചിലതു് തമ്മില്‍ എത്രതന്നെ ചേര്‍ത്താലും യാതൊരംശത്തിലും മാററം വരാതെ അതാതിന്റെ സ്ഥിതിയില്‍ത്തന്നെ ഇരിക്കുന്നു. ഇതുപോലെ അക്ഷരങ്ങള്‍, അല്ലെങ്കില്‍ വ്യാകരണശാസ്ത്രപ്രകാരമുള്ള വര്‍ണ്ണങ്ങള്‍, തമ്മില്‍ ചേരുമ്പോഴും ഓരോതരം മാറ്റങ്ങള്‍ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്.

ആവക സംഗതികളെപ്പറ്റി വിവരിക്കുന്ന ഭാഗത്തിനാണു് വ്യാകരണത്തില്‍ "സന്ധിപ്രകരണം' എന്നു പറയുന്നതു്.
വര്‍ണ്ണങ്ങള്‍ തമ്മിലുള്ള യോഗത്തിന്റെ സ്ഥലഭേദമനുസരിച്ചു് പാണിനി മുതലായ സംസ്കൃതവ്യാകരണകര്‍ത്താക്കന്മാര്‍ വിഭജിച്ചിട്ടുള്ളതുപോലെ, മലയാളത്തിലും സന്ധി സാമാന്യത്തെ പദമദ്ധ്യസന്ധി, പദാന്തസന്ധി, ഉഭയസന്ധി എന്നിങ്ങനെ മൂന്നുതരമായി തിരിക്കാവുന്നതാണു്. പ്രകൃതിപ്രത്യയങ്ങള്‍ ചേര്‍ന്നിട്ടാണല്ലോ പദം ഉണ്ടാകുന്നതു്. അങ്ങനെ ഒരു പദത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള ആ രണ്ടംശങ്ങള്‍ ചേരുമ്പോള്‍ മാത്രമുണ്ടാകുന്ന വര്‍ണ്ണവികാരം പദമദ്ധ്യസന്ധിക്കു വിഷയം; രണ്ടു പദങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ മാത്രമുണ്ടാകുന്നതു് പദാന്തസന്ധിക്കു വിഷയം; പദമദ്ധ്യസന്ധിയിലും പദാന്തസന്ധിയിലും വരുന്നതു് ഉഭയസന്ധിക്കു വിഷയം. ഉദാഹരണം:

പ്രകൃതി പ്രത്യയം
പദമദ്ധ്യസന്ധി-
മരത്തില്‍ = മരം+ ഇല്‍
പദാന്തസന്ധി-
പൊല്‍പ്പൂ = പൊന്‍+ പൂ
ഉഭയസന്ധി-
മണിയറയില്‍ = മണി+അറ+ ഇല്‍

ഇനി സന്ധിയില്‍ തമ്മില്‍ ചേരുന്ന വര്‍ണ്ണങ്ങളുടെ സ്വരവ്യഞ്ജനഭേദമനുസരിച്ചു്, സ്വരങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഉള്ളതു് "സ്വരസന്ധി', സ്വരം വ്യഞ്ജനത്തോടു ചേരുമ്പോള്‍ ഉള്ളതു് "സ്വരവ്യഞ്ജനസന്ധി', വ്യഞ്ജനം സ്വരത്തോടു ചേരുമ്പോള്‍ ഉള്ളതു് "വ്യഞ്ജനസ്വരസന്ധി', വ്യഞ്ജനങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഉള്ളതു് "വ്യഞ്ജനസന്ധി' ഇങ്ങനെ സന്ധിസാമാന്യത്തെ നാലുതരമായിത്തിരിക്കാം:

ഉദാ:
സ്വരസന്ധി - മഴ+ അല്ല= മഴയല്ല
സ്വരവ്യഞ്ജനസന്ധി- താമര+കുളം= താമരക്കുളം
വ്യഞ്ജനസ്വരസന്ധി- ക+ഇല്ല= കണ്ണില്ല
വ്യഞ്ജനസന്ധി- നെല്+മണി= നെന്മണി

സന്ധി വരുമ്പോള്‍ വര്‍ണ്ണങ്ങള്‍ക്കു് ഉണ്ടാകാവുന്ന വികാരങ്ങളനുസരിച്ചു നോക്കുന്നതായാല്‍ " ലോപസന്ധി ", " ആഗമസന്ധി ', " ദ്വിത്വസന്ധി ", " ആദേശസന്ധി " ഇങ്ങനെ നാലായിട്ടും സന്ധിസാമാന്യത്തെ തരംതിരിക്കാവുന്നതാണു്.

സന്ധിക്കുന്നവര്‍ണ്ണങ്ങളില്‍ ഒന്നു് ഇല്ലാതെയാകുന്നതു് "ലോപം' സന്ധിക്കുമ്പോള്‍ മൂന്നാമതൊന്നുംകൂടി വന്നുചേരുന്നതു് "ആഗമം ', സന്ധിക്കുന്നവയില്‍ ഏതെങ്കിലും ഒന്നു് ഇരട്ടിക്കുന്നതു് "ദ്വിത്വം'; ഒന്നിന്റെ സ്ഥാനത്തില്‍ മറ്റൊന്നായിത്തീരുന്നതു് "ആദേശം'

ഉദാ :

ലോപം- അതല്ല= അതു് + അല്ല
ആഗമം- മഴുവില്ല= മഴു + ഇല്ല

ദ്വിത്വം- അവിടെപ്പോയി = അവിടെ + പോയി
ആദേശം- എണ്ണൂറു് = എ + നുറ്

ഇങ്ങനെ ഓരോ ഉപാധിഭേദമനുസരിച്ചു് പലതരം വിഭാഗങ്ങളും ചെയ്യാവുന്നതാണെങ്കിലും ഒടുവില്‍ പറഞ്ഞ വിഭാഗത്തെയാണു് സൗകര്യത്താല്‍ ഇവിടെ സ്വീരകിച്ചിരിക്കുന്നതു്. അതില്‍ "ദ്വിത്വസന്ധി' എന്നതിനു്, സന്ധിക്കുന്ന വര്‍ണ്ണങ്ങളില്‍ ഒന്നുതന്നെയാണു് ആഗമമായി വരുന്നതു് എന്നു മാത്രമേ ആഗമസന്ധിയെക്കാള്‍ ഭേദമുള്ളു. സൂക്ഷ്മത്തില്‍ അതും ആഗമസന്ധിയായിത്തന്നെ വിചാരിക്കാവുന്നതാണു്.

Quick Search :