Search Here

ചന്ദ്രശേഖര്‍ ആസാദിന്റെ 109-ാം ജന്‍മവാര്‍ഷികം



വിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദിന്റെ 109-ാം ജന്‍മവാര്‍ഷികം ഇന്ന്. പേര് സ്വതന്ത്രന്‍ എന്നും അച്ഛന്റെ പേര് സ്വാതന്ത്ര്യം എന്നും വിലാസം ജയില്‍ ആണെന്നും പ്രഖ്യാപിച്ച് കോടതി മുറിയില്‍ ജഡ്ജിയെ പോലും വിറപ്പിച്ച വിപ്ലകാരിയും സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ചന്ദ്രശേഖര്‍ തിവാരി എന്ന ചന്ദ്രശേഖര്‍ ആസാദ്. ചന്ദ്രശേഖര്‍ തിവാരി എന്ന പേര് അദ്ദേഹം തന്നെ ആസാദ് എന്ന് മാറ്റി സ്വയം വിപ്ലവ സ്വാതന്ത്ര്യ പോരാളിയാവുകയായിരുന്നു. 25 വര്‍ഷം മാത്രം നീണ്ട ജീവിതത്തില്‍ സ്വന്തം പേര് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിവച്ചു. റാം പ്രസാദ് ബിസ്മില്‍ സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ അദ്ദേഹത്തിന്റെ മരണശേഷം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന് പുനഃസംഘടിപ്പിച്ചതും ആസാദായിരുന്നു.

1906 ജൂലയ് 23ന് മധ്യപ്രദേശിലെ ഭാവ്‌റ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മകനെ സംസ്‌കൃത പണ്ഡിതനാക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തെ മറികടന്ന് ചന്ദ്രശേഖര്‍ 15-ാം വയസ്സില്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. അന്ന് അറസ്റ്റ് ചെയ്ത് ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കിയപ്പോഴാണ് തന്റെ പേര് ആസാദ് എന്ന് അദ്ദേഹം മാറ്റുന്നത്.

പേരും വിലാസവും ചോദിച്ച ജഡ്ജിയോട് തന്റെ പേര് സ്വതന്ത്രന്‍ എന്നാണെന്നും അച്ഛന്റെ പേര് സ്വാതന്ത്ര്യം എന്നാണെന്നും വിലാസം ജയില്‍ ആണെന്നും പറഞ്ഞ് ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാളികള്‍ക്ക് അദ്ദേഹം ആവേശമായി. 1922-ല്‍ നിസ്സഹകരണ പ്രസ്ഥാനം പിരിച്ചു വിടപ്പെട്ടതിന് ശേഷം സമ്പൂര്‍ണ സ്വാതന്ത്ര്യം എന്ന ലക്ഷ്യവുമായി പോരാട്ടത്തിനിറങ്ങിയ അദ്ദേഹം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു. സോഷ്യലിസ്റ്റ് തത്വങ്ങളില്‍ അധിഷ്ഠിതമായ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുകയായിരുന്നു ആസാദിന്റെ ലക്ഷ്യം.

ബ്രിട്ടീഷ് സര്‍ക്കാരിനെതിരായി 1925-ല്‍ നടത്തിയ കകോരി ട്രെയിന്‍ കൊള്ളയടിയിലും 1926-ല്‍ വൈസ്രോയിയുടെ ട്രെയിന്‍ അട്ടിമറി ശ്രമത്തിലും ആസാദ് പങ്കാളിയായിരുന്നു. 1928-ല്‍ ലാലാ ലജ്പത് റായിയെ കൊലപ്പെടുത്തിയതിന് ജെ.പി സോന്ദേഴ്‌സിനെ വെടിവച്ചതും ചന്ദ്രശേഖര്‍ ആസാദായിരുന്നു. 1931 ഫെബ്രുവരി 27ന് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. ഒരു സഹപ്രവര്‍ത്തകനെ കാണാന്‍ പോയ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് വളഞ്ഞ് ആക്രമിച്ചു. പൊലീസിനെതിരെ തിരിച്ചും വെടിവച്ച ആസാദ് വെടിവയ്പ്പില്‍ ഗുരുതര പരുക്കേറ്റ് മരണത്തിന് കീഴടങ്ങുകയായിരുന്നു.



Quick Search :