Search Here

ഫെബ്രുവരി 20 ലോക സാമൂഹ്യ നീതി ദിനം. | February 20 World Social Justice Day. | Today's Special

2007ലാണ് ഐക്യരാഷ്ട്ര സഭ ഫെബ്രുവരി 20 സാമൂഹ്യനീതി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം നിലനിര്‍ത്താനും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ പോരാടാനുമാണ്  ഐക്യരാഷ്ട്ര സഭ ഈ ദിനാചരണത്തിലുടെ ആഹ്വാനം  ചെയ്യുന്നു. മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുകയും എല്ലാവര്‍ക്കും തല്യഅവസരം ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് പറയുമ്പോഴും സ്ത്രീക്കും പുരുഷനുമിടയിലെ  അന്തരം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തൊഴില്‍, സമ്പത്ത്, ആനുകൂല്യങ്ങള്‍ എന്നിവയിലെല്ലാം അനീതിയും അസമത്വവും നിലനില്‍ക്കുന്നു. സമ്പന്നനും ദരിദ്രനും തമ്മിലുള്ള വ്യത്യാസം വര്‍ധിച്ചുവരുന്നു. മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ ഇപ്പോഴും വിവേചനം തുടരുകയാണ്. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ചിലര്‍ക്ക് ഇപ്പോഴും അന്യമാണ്. ഈ പശ്ചാത്തലത്തിലാണ്  ലോകം ഫെബ്രുവരി 20 നെ വരവേല്‍ക്കുന്നത്.

ഇക്കുറി ലോക സാമൂഹ്യ നീതി ദിനത്തിൽ ചിന്താവിഷയമായി ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ചിരിക്കുന്നത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നമാണ്. ഏതാണ്ട് 258 ദശലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ലോകമെമ്പാടും തൊഴിലന്വേഷകരായി ഉള്ളത്. ആഫ്രിക്ക, ഏഷ്യന്‍ ഭൂഖണ്ഡങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക അരക്ഷിതാവസ്ഥതയെ തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിന് മനുഷ്യർ, യുദ്ധം തകര്‍ത്ത സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് രക്ഷ തേടി മറ്റിടങ്ങളിലേക്ക് പോയ പതിനായിര കണക്കിന് മനുഷ്യര്‍, പട്ടിണിയും ദാരിദ്ര്യവും അഴിമതിയും മൂലം തകര്‍ന്ന ആഫ്രിക്കന്‍ രാജ്യങ്ങളിൽ നിന്നും മറ്റു മൂന്നാം ലോക രാജ്യങ്ങളിൽ നിന്നും പണി തേടി പ്രവാസികളായി പോകുന്ന ലക്ഷക്കണക്കിന് മനുഷ്യർ. അവരുടെ അവകാശങ്ങളോടൊപ്പം നിൽക്കണമെന്ന് ഐക്യരാഷ്ട്ര സഭ  ആഹ്വാനം ചെയ്യുന്നു.
Quick Search :