ലോപസന്ധി :- സന്ധിക്കുന്ന വർണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ് ലോപസന്ധി.
-
- കൊടുത്തു + ഇല്ല = കൊടുത്തില്ല.
- വരിക + എടോ = വരികെടോ
മലയാളത്തിൽ പൂർവ്വപദാന്തത്തിലെ സംവൃതോകാരം മറ്റൊരു സ്വരത്തിനുമുൻപ് സാർവത്രികമായി ലോപിക്കുന്നു.
-
- തണുപ്പു് + ഉണ്ട് = തണുപ്പുണ്ട്
- കാറ്റു് + അടിക്കുന്നു =കാറ്റടിക്കുന്നു
ആഗമസന്ധി :- സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം
ആഗമിക്കുന്നതാണ് ആഗമസന്ധി. ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ
സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.
സ്വരങ്ങൾ തമ്മിൽ
ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി(hiatus) പരിഹരിക്കാൻ പല ഭാഷകളിലും യ, വ
തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു. സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ
ആശ്രയിച്ചാണ് യകാരവകാരാദികൾ ആഗമിക്കുന്നത്.
-
- തിരു + അനന്തപുരം = തിരുവനന്തപുരം
- പന + ഓല = പനയോല
മറ്റു വർണങ്ങളും സ്വരസംയോഗത്തിൽ ആഗമിക്കാറുണ്ട്.
-
- കാട്ടി + ഏൻ =കാട്ടിനേൻ
മലയാളത്തിൽ ചില പദച്ചേർച്ചയിൽ വിവൃത്തിപരിഹാരം, ഉച്ചാരണസൗകര്യം ഇവ ഉദ്ദേശിച്ച് ഒര്, അൻ തുടങ്ങിയ ഇടനിലകൾ ചേർക്കാറുണ്ട്.
-
- പോയ + ആന > പോയ + ഒര് + ആന = പോയൊരാന
- വക്കീൽ + മാർ > വക്കീൽ +അൻ+ മാര് = വക്കീലന്മാർ
ദ്വിത്വസന്ധി :- രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി.
-
- നിൻ + എ = നിന്നെ
- പച്ച + കല്ല്= പച്ചക്കല്ല്
പുതിയ
ഒരു വർണ്ണം ആഗമിക്കുകയാണെന്നതിനാൽ ഇതും ആഗമസന്ധിതന്നെ. പക്ഷേ,
ദ്വിത്വം സംഭവിക്കുന്നത് വ്യഞ്ജനങ്ങളിലാണ്. മലയാളത്തിൽ സന്ധിയിലെ
ഇരട്ടിപ്പിന് വ്യാകരണപരമായ അർത്ഥമുണ്ട്. മേല്പ്പറഞ്ഞ ഉദാഹരണത്തിൽ കല്ല്
എന്ന പദത്തെ പച്ച എന്ന പദം വിശേഷിപ്പിക്കുന്നതിനാലാണ് പദാദികകാരം
ഇരട്ടിച്ചത്. ദ്വന്ദസമാസം വിശേഷണവിശേഷ്യങ്ങൾ ചേർന്ന്
സമാസിക്കുന്നതല്ലായ്കയാൽ അതിൽ ദ്വിത്വം വരികയില്ല. (ഉദാ: കൈകാൽ, ആനകുതിരകൾ,
രാമകൃഷ്ണന്മാർ)
ആദേശസന്ധി :-സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന് സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരംവരുന്നതാണ് ആദേശസന്ധി.
-
- വിൺ + തലം = വിണ്ടലം (/ത/ > /ട/)
- നെൽ + മണി = നെന്മണി (/ല/ > /ന/)